Saturday, August 26, 2006

ലീലാവതാരൈഃ ആയുരാരോഗ്യ സൌഖ്യം

ഹെല്‍ത്ത്‌ ഈസ്‌ വെല്‍ത്ത്‌
.......................................
ആരോഗ്യം ആണ്‌ സമ്പത്ത്‌ എന്നു ആംഗല പഴമൊഴി. ആരോഗ്യം ഇല്ലാത്ത അവസ്ഥയില്‍ നമ്മള്‍ രോഗികള്‍ അസുഖക്കാര്‍. ഒന്നു നമുക്ക്‌ ചുറ്റും നോക്കിയാല്‍, പണ്ടൊക്കെ, എത്ര മഴ കൊണ്ടാലും ഒരു ചുക്കും സഭവിക്കില്ല്യാ, ഇപ്പൊഴൊ? ടി വിയില്‍ ഒക്കെ കാണിക്കുന്ന വിക്സ്ന്റെ ആഡ്‌ പോലേ തന്നെ നമ്മുടേം അവസ്ഥ.അതവിടെ നിക്കട്ടെ, നല്ല അസുഖം എന്നു ഒന്നുണ്ടോ. ചിലപ്പോഴെങ്കിലും, മുട്ടില്‍ പനി നമുക്കൊക്കെ അനുഗ്രഹം ആകാറുണ്ട്‌, പ്രത്യേകിച്ചു, ജി എമ്മിന്റെ ദുര്‍മോന്ത കാണണ്ടാത്ത ദിവസം, ഒരു പനി വന്നാല്‍ മതിയായിരുന്നു എന്ന് ചിന്തിക്കാത്തവര്‍ കുറവ്‌. എന്നാല്‍ പോലും ശെരിക്കു പനിവന്നാലോ പിന്നെ നമ്മളേക്കാള്‍ കഷ്ടപ്പെടുന്നവര്‍ ലോകത്തില്‍ ഇല്ലാ എന്നുള്ള മട്ടാ ( എന്റെ കാര്യം ആണ്‌ ഉദാ:).
ഇതൊക്കെ നമ്മുടെ കാര്യം. ആഴ്വാര്‍ക്ക്‌ അസുഖം വന്നപ്പോഴോ.
തീര്‍പ്പാറയാമിനീ (തിരുവായ്മൊഴി 4-6-1)
രംഗം: നമ്മാഴ്വാര്‍ നായികാ ഭാവത്തോടെ, ഭഗവദ്‌ അനുഭവത്തില്‍ നിന്നുള്ള വിരഹം താങ്ങാന്‍ ആവാതെയും, ഈശ്വരനില്‍ തന്നെ മനസ്സു അര്‍പ്പിച്ചുകൊണ്ട്‌ ബോധം നഷ്ടപ്പെട്ടു കിടക്കുന്നു, ആഴ്വാരുടെ അമ്മ എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചു നില്‍ക്കുമ്പോ, കട്ടുവിച്ചി (സൂത്ത്‌ ടെല്ലര്‍) വരുന്നു, അവള്‍ പറയുന്നു, ഇതു ബാധ കൂടിയതാണ്‌ ഞാന്‍ ശെരിയാക്കിത്തരാം, കള്ളും ഇറച്ചിയും കൊണ്ടുവാ. കട്ടുവിച്ചി പണ്ടുകാലത്തെ വ്യാജന്‍ ആണെന്നു തോന്നുന്നു. അപ്പോഴേക്കും ആണ്‌ തോഴിയുടെ രംഗപ്രവേശം, അവള്‍ ആണ്‌ പരാങ്കുശ നായകി (ആഴ്വാരുടെ നായികാഭാവത്തിനെ തമിഴ്‌ സംഘകാലം ഇങ്ങനെയാണ്‌ വിശേഷിപ്പിക്കുന്നത്‌) യഥാര്‍ത്ഥമായി അറിയുന്നവള്‍. തോഴി പ്രവേശിച്ചിട്ടു പറഞ്ഞു
"തീര്‍പാറൈയാമിനി എങ്കനം നാടുതും അന്നൈമീര്‍
ഓര്‍പ്പാല്‍ ഇവ്വെണ്ണുതല്‍ ഉത്ത നന്നോയ്‌ ഇതു തേറിനോം"
(അമ്മമാരേ വിഷമിക്കണ്ട, ഇതു ശരീരത്തേ ബാധിച്ച അസുഖം അല്ല, ഏതൊരു ജീവാത്മാവിനും അവശ്യം ഉണ്ടാകണ്ട അസുഖം ആണ്‌ ബാധയൊന്നുമല്ല, ഇതു എന്താണന്നോ ബ്രഹ്മ ജ്ഞാനം മൂലം, മോക്ഷത്തിനു കൊതിക്കുന്ന ഒരു ജീവാത്മാവിന്‌ ഉണ്ടാകേണ്ട ജ്ഞാന അവസ്ഥയാണ്‌ )
"നന്നോയ്‌" നല്ല അസുഖം എന്ന്‌ അവിടെ വിശേഷിപ്പിക്കുന്നു.അതേ പോലേ "തേറീനോം" ഈ നല്ല അസുഖം വന്നതു കൊണ്ട്‌ അവള്‍ രക്ഷപെട്ടു എന്നും വിശേഷിപ്പിക്കുന്നു.
ഈ പാട്ടിനെ "സഖീ വെറി വിലക്കി", എന്നു വിശേഷിപ്പിച്ച വ്യാഖ്യാതാവായ നമ്പിള്ളൈ, ഈടു മുപ്പത്താറായിരപ്പടി വ്യാഖ്യാനത്തില്‍ ഇങ്ങനെ വിശേഷിപ്പിച്ചു,
"കൈക്കൂലി കൊടുത്തു കൊള്ള വേണ്ടും നോയ്‌"
ഇങ്ങനത്തെ അസുഖം കൈക്കൂലി കൊടുത്തു വാങ്ങേണ്ടി വരും എന്ന് വെറുതേ അല്ല
പൂന്താനം പാടിയത്‌
കൊതിച്ചീടുന്ന ബ്രഹ്മത്തെ കണ്ടിട്ടു
കുതിച്ചീടുന്നു ജീവനും അപ്പോഴേ ..
ആഴ്വാര്‍ക്ക്‌ ഈ അസുഖം (ബ്രഹ്മ ജ്ഞാനം) ഉണ്ടായതിനു കാരണക്കാരന്‍ ആരാണ്‌ ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു എന്നായി അമ്മയുടെ അടുത്ത ചോദ്യം. തോഴി മറുപടി ഇങ്ങനെ കൊടുത്തു
"അന്തി മത്തോരുപായം എന്
‍ഇതന്‍ അന്തന്‍ തുഴായ്‌ കമഴ്‌തല്‍
കുട്ടനാട്ടു തിരുപ്പുലിയൂര്‍ നിന്റ്ര മായപ്പിരാന്‍
തന്‍ തിരുവരുളാം ഇവള്‍ നേര്‍ പട്ടതേ"
ഞാനും കുറേ ഒക്കെ ആലോചിച്ചു നോക്കി, അവളെ അടുത്തു ചെന്നു നിരീക്ഷിച്ചു, അവളുടെ ശരീരത്തില്‍ നിന്നും തുളസിയുടെ മണം മാത്രമേ വരുന്നുള്ളൂ, അപ്പോഴേ ഞാന്‍ തീര്‍ച്ചയാക്കി കുട്ടനാട്ടില്‍ ഉള്ള തിരുപ്പുലിയൂരിലെ മായപ്പിരാന്‍ ആണ്‌ ഈരോഗത്തിനു കാരണം എന്ന്. (തിരുവല്ലായ്ക്ക്‌ അടുത്താണ്‌ പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രം)
അങ്ങനെ നമുക്കും എന്നെങ്കിലും നല്ല അസുഖം ഉണ്ടാവുമോ ആവോ??
ഗുരുപവനപുരേ ഹന്ത! ഭാഗ്യം ജനാനാം

Tuesday, August 22, 2006

നൈവേദ്യം ഇദം ന മമഃ

നൈവേദ്യം ഇദം ന മമഃ
ഇനി ദൈവത്തിനു സമര്‍പിക്കുന്ന ഭക്ഷണമോ ?പലപ്പോഴും അമ്പലത്തില്‍ നിന്നും പായസം വാങ്ങുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്‌. പായസം നമ്മള്‍ കുടിക്കുന്നു, പാവം ദൈവത്തിനു അതിന്റെ മണം മാത്രം അടിപ്പിചു കാണിക്കുന്നു.
ആവി നിനക്ക്‌ അമൃത്‌ എനിക്ക്‌

അഷ്ടമിരോഹിണിക്കോ അതേ പോലെ അന്നകൂട ഉത്സവത്തിനോ ഉണ്ടാക്കുന്ന എണ്ണിയാല്‍ ഒടുങ്ങാത്ത വിഭവങ്ങള്‍ ആണോ നാം യഥാര്‍ത്ഥത്തില്‍ സമര്‍പ്പിക്കേണ്ടത്‌?ഉത്തരം ഭഗവാന്‍ തന്നെ ഗീതയില്‍ നമുക്കു തന്നു
പത്രം പുഷ്പം ഫലം തോയം..എന്തെങ്കിലും മതി എന്നു..
എന്തു സമര്‍പ്പിക്കുന്നു എന്നല്ല എങ്ങിനെ സമര്‍പ്പിക്കുന്നു എന്നതില്‍ ആണ്‌ കാര്യമെന്ന്. നമ്മള്‍ കൊടുത്തിട്ടുവേണോ ലോകം മുഴുവന്‍ സ്വത്തായിട്ടുള്ള ഭഗവാനു കഴിക്കാന്‍?നൈവേദ്യം എന്നു പറഞ്ഞ്‌ ഉണ്ടാക്കപ്പെടുന്നതെന്തായാലും, അതും അവന്റെ സൃഷ്ടിയുടെ ഭാഗം ആയിരിക്കുന്നതുകൊണ്ട്‌ എങ്ങിനേ നമുക്ക്‌ നമ്മുടേതായിട്ട്‌ ഒരു വസ്തു ഉണ്ടാക്കി ഭഗവാനു കൊടുക്കാന്‍ പറ്റും.

സംകൃത മന്ത്രങ്ങളില്‍ സമര്‍പ്പയാമി എന്നൊരു വാക്കു മാത്രമേ ഉള്ളൂ.
ഇദം ന മമഃ ഇതു എന്റേതല്ലാ എന്ന് പറഞ്ഞ്‌ സമര്‍പ്പിക്കാം എന്നൊരുപക്ഷം. പക്ഷേ നൈവേദ്യ മന്ത്രങ്ങളില്‍, നിവേദയാമി എന്നോ സമര്‍പ്പയാമി എന്നോ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.....ഇദം ന മമഃ കൂടുതലായി അഗ്നിയില്‍ ചെയ്യുന്ന ആഹൂതികളില്‍ ആണ്‌ ഉപയോഗിക്കുന്നത്‌. ഞങ്ങളുടെ ആചാര്യന്മാര്‍ അതിനൊരു എളുപ്പവഴി കണ്ടുപിടിച്ചു. സമര്‍പ്പയാമി പറയണ്ട
പക്ഷേ എന്തെങ്കിലും പറയണ്ടേ? എന്നാല്‍ തമിഴില്‍ പറഞ്ഞോളൂ
കണ്ട്‌ അരുള വേണ്ടും
എന്ന പ്രയോഗം ജീയര്‍പ്പടി ഗ്രന്ഥത്തില്‍ ആദ്യമായി അങ്ങനെ പ്രയോഗിക്കപെട്ടു. ഓരോ അനുഷ്ഠാനങ്ങള്‍ ഉണ്ടാകുന്ന വഴിയേ.........
ഇനി തിരിച്ചു പ്രധാന വിഷയം... നൈവേദ്യമായി എന്തു സമര്‍പ്പിക്കാം?പിരിവഗൈ ഇന്രി നന്നേര്‍ തൂയ്‌ പുരിവതുവും പുഗൈ പൂവേ തിരുവായ്മൊഴി 1-6-1
എന്നു നമ്മാഴ്വാര്‍..അര്‍ത്ഥം നേരത്തേ പറഞ്ഞ ഗീതാവാക്യം തന്നേ ഭക്തിയാണു പ്രധാനം, എന്നു ചുരുക്കം
അങ്ങനെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാല്
‍വിദുരര്‍ ശ്രീ കൃഷ്ണനു കൊടുത്ത പഴത്തൊലിയും
ശബരി ശ്രീരാമനെ സല്‍കരിച്ചതും ചില അപൂര്‍വം സംഭവങ്ങള്
‍വിദുരര്‍, ശ്രീ കൃഷ്ണന്‍ വീട്ടിലേക്ക്‌ വരുന്നതിനു മുന്‍പേ ഓടി വന്നു, കൃഷ്ണന്‍ ഇരിക്കുവാനുള്ള ഇരിപ്പിടത്തില്‍ കൈകൊണ്ട്‌ പരതി നോക്കി എങ്ങാനും ഒരു മുള്ളെങ്കിലും ഇരിപ്പുണ്ടോ അതെങ്ങാനും, കൃഷ്ണന്റെ ദേഹത്തു കൊണ്ടാലോ എന്ന്.ചുമ്മാതെയല്ല വ്യാസന്‍ എഴുതിവെച്ചത്‌
സംസ്പൃശന്‍ ആസനം ശൌരേഃ വിദുരസ്യ മഹാമതിഃ
വിദുരന്റെ മതി (ജ്ഞാനം) അപാരം എന്ന്.

മടി തടവാത ചോറും ചുരുള്‍ നാറാത പൂവും എന്നു ശ്രീവചനഭൂഷണം
പിന്നെയും ചോദ്യം ബാക്കി...എന്തു സമര്‍പിക്കാം
ഉത്തരം തേടീയുള്ളയാത്ര അവസാനിക്കുന്നത്‌ തൈത്തിരീയ സാമത്തില്

ഹാ ഹൂഹാ ഹൂഹാ ഹൂ (തെറ്റിദ്ധരിക്കണ്ട സാമം എപ്പോഴും തുടങ്ങുന്നതു ഇങ്ങനെയാ)
അഹം അന്നം അഹം അന്നം അഹം അന്നം
ആത്മാവ്‌ സ്വയം അന്നം ആയി ഈശ്വരനു സമര്‍പ്പിക്കുന്നു എന്ന്
അതില്‍ കൂടുതല്‍ എന്തു നല്ലഭക്ഷണം

Monday, August 21, 2006

നല്ല ഭക്ഷണം
എന്താണു നല്ല ഭക്ഷണം.
ഫൈവ്‌ സ്റ്റാര്‍ ഭക്ഷണമോ തട്ടുകട ഭക്ഷണമോ അല്ല
ഭഗവാന്‍ ഗീതയില്‍ വിധിച്ചു
കളഞ്ജം ന ഭക്ഷയേല്‍
ഉള്ളി കഴിക്കുവാന്‍ പാടില്ല്യാ..
എന്നെ ആരും കൊല്ലാന്‍ വരരുതു
ആഹാര നിയമം എന്ന വിഷയം, പല സ്മൃതികളും പുരാണങ്ങളും പലപ്പോഴും കൈകാര്യം ചെയ്യുന്നുണ്ട്‌. ശരീരത്തിന്‌ സത്വഗുണം ആണ്‌ ആരോഗ്യം പ്രദാനം ചെയ്യുന്നതെന്ന് പറയുമ്പോള്‍ സാത്വിക ഭക്ഷണം അതില്‍ ഒരു പ്രധാന ഘടകം ആണ്‌. അതിനെ മേല്‍ക്കൊണ്ടാണ്‌ വേദാന്ത ദേശികന്‍ (1269-1369 കി പി) ആഹാര നിയമം എന്ന പ്രബന്ധം എഴുതി ഉണ്ടാക്കിയത്‌.

ഋഷിമാര്‍ എന്തു കഴിച്ചിരുന്നു എന്നു ചോദിച്ചാല്‍ ഉടനേ മറുപടി കിട്ടും കായും കനികളും
നമ്മാഴ്വാര്‍ക്കോ ???
ആഴ്വാര്‍ തന്നെ പറയുന്നു
ഉണ്ണും ചോറു പരുകുനീര്‍ തിന്നും വെറ്റിലയും എല്ലാം കണ്ണന്‍ (തിരുവായ്മൊഴി 6-7-1)
ഈശ്വരനേ ധാരകം (ചോര്‍) പോഷകം (നീര്‍) ഭോഗ്യം (വെറ്റില)

ഇനി അല്‍പം യാഥാര്‍ത്ഥ്യം
എന്തു കഴിക്കാം എന്ന ചോദ്യത്തിനു കൃഷ്ണനെ കഴിച്ചോളൂ എന്നു പറയാന്‍ പറ്റില്ലാല്ലൊ
ഈ വിഷയത്തില്‍ പെരിയാഴ്വാര്‍ മറുപടി തരുന്നു
നെയ്യിടൈ നല്ലതോര്‍ ചോറും (തിരുപ്പല്ലാണ്ട്‌ 8)
ഉടുത്തുകളൈന്ത നിന്‍പീതക ആടൈ ഉടുത്തു കലത്തതുണ്ടു (തിരുപ്പല്ലാണ്ട്‌ 9)

നല്ല ചോറ്‌ എന്നു പറയുമ്പോള്‍ ചീത്ത ചോറ്‌ ഉണ്ടാവണമല്ലോ
വ്യാഖ്യാതാ പെരിയ ആച്ചാന്‍ പിള്ളൈ
ചോറ്റുക്കു തീമൈ ആവതു, ചോറു ഇട്ടവന്‍ നമ്മാല്‍ ഇടപ്പട്ടതു എന്രു നിനൈക്കൈയും-ഉണ്ടവന്‍ ഇവനുക്കു എന്ന കൈമാറു സൈവോം എന്രു നിനൈതിരുക്കൈയും

സംഗതി ലളിതം,
ചോറു കൊടുക്കുമ്പോള്‍, ഞാന്‍ ചോറു കൊടുത്തതുകൊണ്ടു അവന്‍ കഴിച്ചു ഇല്ലെങ്കില്‍ കാണാമായിരുന്നു എന്ന മനസ്സോടെ ചോറുവിളമ്പുന്നവര്‍ നല്‍കുന്ന ഭക്ഷണം, ഉണ്ടവന്‍, ചോറു നല്‍കിയവനു നമ്മള്‍ എന്തു തിരിച്ചു കൊടുക്കും എന്ന് ചിന്തിച്ചുകൊണ്ട്‌ കഴിക്കുന്ന ഭക്ഷണം.

ഇനി ആഴ്വാര്‍മാര്‍ എന്തൊക്കെ ഭക്ഷണം കഴിച്ചുകൂടാ എന്നും പറയുന്നുണ്ട്‌ ഇതിനെ വാര്‍ത്താമാല എന്ന ഗ്രന്ഥതില്‍ പുത്തൂര്‍ സ്വാമികള്‍ സംഗ്രഹിച്ചു കാണിച്ചിട്ടുണ്ട്‌,
1. പിണ ചോറ്‌: മരിച്ച വീട്ടിലെ ഭക്ഷണം
2 മണ ചോറ്‌: കല്യാണ വീട്ടിലെ ഭക്ഷണം (ആരും നെറ്റി ചുളിക്കണ്ട, ഇന്നത്തെ കല്യാണസദ്യകള്‍ ഉണ്ടാക്കപെടുന്ന വിധം കണ്ടാല്‍ കഴിക്കുന്ന കാര്യം സംശയം)
3. വിലൈ ചോറ്‌: പണം കൊടുത്തു വാങ്ങിയ ഭക്ഷണം (നടക്കാത്ത കാര്യം).

4 പുഗഴ്ച്‌ ചോറ്‌: സ്വന്തം പെരുമ കാണിക്കാന്‍ വേണ്ടി നടത്തുന്ന സര്‍വ്വാണി സദ്യകളിലെ ഭക്ഷണം

5.പൊരുള്‍ ചോറ്‌: ഇവനു ഭക്ഷണം വാങ്ങി കൊടുത്റ്റു വേണം എനിക്കൊരു കാര്യം സാധിക്കാന്‍ എന്ന മനസ്സോടെ തരുന്നത്‌
6. എച്ചില്‍ ചോറ്‌: ദേവതാന്തരങ്ങള്‍ക്ക്‌ നിവേദിച്ച ഭക്ഷണം

Sunday, August 20, 2006

നന്മയും തിന്മയും

നന്മയും തിന്മയും
വേദാന്തതിന്റെ കണ്ണില്‍ നല്ലതും ഇല്ല ചീത്തയും ഇല്ല എന്നു പറയാറുണ്ട്‌. ആഴ്വാര്‍മാരുടെ പ്രബന്ധങ്ങളില്‍ നല്ലതേതു ചീത്തയേത്‌ എന്ന വിചാരം പലപ്പോഴും വരാറുണ്ട്‌. ശരിയായ വേദാന്തവിചാരം ആണു അത്‌. എന്തുകൊണ്ടന്നാല്‍
പുണ്യ കര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും പുണ്യ പാപങ്ങള്‍ മിശ്രമാം കര്‍മ്മവും എന്നു ജ്ഞാനപ്പാനയില്‍ പറയുമ്പോള്‍ ഒന്നു പൊന്‍ വിലങ്ങും മറ്റേതു ഒന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങള്‍ എന്നു പറയുന്നുണ്ട്‌.

വട്ട്‌ എന്നു സാധാണക്കാര്‍ വിളിക്കാവുന്ന വേദാന്ത ജ്ഞാനത്തിന്റെകണ്ണില്‍ നിന്നും നന്മ എന്നു വിളിക്കപെടുന്നതില്‍ തിന്മയും, തിന്മയില്‍ നന്മയും കാണാന്‍ കഴിയും എന്നു ജ്ഞാനികളുടെ വാക്യം.
ദിവ്യപ്രബന്ധങ്ങളില്‍ നിന്നും ചില ഉദാഹരണങ്ങള്‍ ഇതാ

1. നല്ല രാക്ഷസന്‍
ആണ്ടാള്‍ തിരുപ്പാവയില്‍
പുള്ളിന്‍ വായ്‌ കീണ്ടാനൈ പൊല്ലാ അരക്കനൈ എന്നു
പുള്ളിന്റെ രൂപത്തില്‍ കൃഷ്ണനെ ആക്രമിക്കാന്‍ വന്ന അസുരനെ പറ്റി പറയുന്നു. അവിടെ പൊല്ലാത അരക്കന്‍ (ചീത്ത രാക്ഷസന്‍) എന്ന് എടുത്തുപറയുന്നു.
വ്യാഖ്യാനം അരുളിച്ചെയ്ത പെരിയ ആച്ചാന്‍ പിള്ളൈ മൂവായിരപ്പടി വ്യാഖ്യാനത്തില്‍ എഴുതി
"നല്ല അരക്കര്‍കളും ഉണ്ടിരേ" എന്നു
ആരാണു നല്ല രാക്ഷസന്മാര്‍ എന്ന ചോദ്യത്തിനു
പ്രഹ്ലാദനും, വിഭീഷണനും എന്ന് കാണിക്കപ്പെട്ടു
ഇതിന്റെ സ്വാപദേശം (അതായത്‌, ഉള്ളുറൈ പൊരുള്‍ എന്നു തമിഴില്യും ആന്തരാര്‍ത്ഥം മലയാളത്തിലും പറയും) ആചാര്യഹൃദയത്തില്‍ ഇങ്ങനെ സംഗ്രഹിക്കപ്പെട്ടും
വിപ്രര്‍കു ഗോത്ര, ചരണ, സൂത്ര കൂടസ്ഥര്‍-പരാശര, പാരാശര്യ, ബോധായനാദികള്‍;
പ്രപന്ന ജന കൂടസ്ഥര്‍ പരാങ്കുശ, പരകാല, യതിവരാദികള്‍"ആചാര്യ ഹൃദയം 36;
നന്മൈക്കും തീമയ്ക്കും ആധാരം ജന്മം അല്ല ആത്മഗുണങ്ങള്‍ ആണു കാരണം എന്ന് ചുരുക്കം.