Tuesday, August 22, 2006

നൈവേദ്യം ഇദം ന മമഃ

നൈവേദ്യം ഇദം ന മമഃ
ഇനി ദൈവത്തിനു സമര്‍പിക്കുന്ന ഭക്ഷണമോ ?പലപ്പോഴും അമ്പലത്തില്‍ നിന്നും പായസം വാങ്ങുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്‌. പായസം നമ്മള്‍ കുടിക്കുന്നു, പാവം ദൈവത്തിനു അതിന്റെ മണം മാത്രം അടിപ്പിചു കാണിക്കുന്നു.
ആവി നിനക്ക്‌ അമൃത്‌ എനിക്ക്‌

അഷ്ടമിരോഹിണിക്കോ അതേ പോലെ അന്നകൂട ഉത്സവത്തിനോ ഉണ്ടാക്കുന്ന എണ്ണിയാല്‍ ഒടുങ്ങാത്ത വിഭവങ്ങള്‍ ആണോ നാം യഥാര്‍ത്ഥത്തില്‍ സമര്‍പ്പിക്കേണ്ടത്‌?ഉത്തരം ഭഗവാന്‍ തന്നെ ഗീതയില്‍ നമുക്കു തന്നു
പത്രം പുഷ്പം ഫലം തോയം..എന്തെങ്കിലും മതി എന്നു..
എന്തു സമര്‍പ്പിക്കുന്നു എന്നല്ല എങ്ങിനെ സമര്‍പ്പിക്കുന്നു എന്നതില്‍ ആണ്‌ കാര്യമെന്ന്. നമ്മള്‍ കൊടുത്തിട്ടുവേണോ ലോകം മുഴുവന്‍ സ്വത്തായിട്ടുള്ള ഭഗവാനു കഴിക്കാന്‍?നൈവേദ്യം എന്നു പറഞ്ഞ്‌ ഉണ്ടാക്കപ്പെടുന്നതെന്തായാലും, അതും അവന്റെ സൃഷ്ടിയുടെ ഭാഗം ആയിരിക്കുന്നതുകൊണ്ട്‌ എങ്ങിനേ നമുക്ക്‌ നമ്മുടേതായിട്ട്‌ ഒരു വസ്തു ഉണ്ടാക്കി ഭഗവാനു കൊടുക്കാന്‍ പറ്റും.

സംകൃത മന്ത്രങ്ങളില്‍ സമര്‍പ്പയാമി എന്നൊരു വാക്കു മാത്രമേ ഉള്ളൂ.
ഇദം ന മമഃ ഇതു എന്റേതല്ലാ എന്ന് പറഞ്ഞ്‌ സമര്‍പ്പിക്കാം എന്നൊരുപക്ഷം. പക്ഷേ നൈവേദ്യ മന്ത്രങ്ങളില്‍, നിവേദയാമി എന്നോ സമര്‍പ്പയാമി എന്നോ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.....ഇദം ന മമഃ കൂടുതലായി അഗ്നിയില്‍ ചെയ്യുന്ന ആഹൂതികളില്‍ ആണ്‌ ഉപയോഗിക്കുന്നത്‌. ഞങ്ങളുടെ ആചാര്യന്മാര്‍ അതിനൊരു എളുപ്പവഴി കണ്ടുപിടിച്ചു. സമര്‍പ്പയാമി പറയണ്ട
പക്ഷേ എന്തെങ്കിലും പറയണ്ടേ? എന്നാല്‍ തമിഴില്‍ പറഞ്ഞോളൂ
കണ്ട്‌ അരുള വേണ്ടും
എന്ന പ്രയോഗം ജീയര്‍പ്പടി ഗ്രന്ഥത്തില്‍ ആദ്യമായി അങ്ങനെ പ്രയോഗിക്കപെട്ടു. ഓരോ അനുഷ്ഠാനങ്ങള്‍ ഉണ്ടാകുന്ന വഴിയേ.........
ഇനി തിരിച്ചു പ്രധാന വിഷയം... നൈവേദ്യമായി എന്തു സമര്‍പ്പിക്കാം?പിരിവഗൈ ഇന്രി നന്നേര്‍ തൂയ്‌ പുരിവതുവും പുഗൈ പൂവേ തിരുവായ്മൊഴി 1-6-1
എന്നു നമ്മാഴ്വാര്‍..അര്‍ത്ഥം നേരത്തേ പറഞ്ഞ ഗീതാവാക്യം തന്നേ ഭക്തിയാണു പ്രധാനം, എന്നു ചുരുക്കം
അങ്ങനെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാല്
‍വിദുരര്‍ ശ്രീ കൃഷ്ണനു കൊടുത്ത പഴത്തൊലിയും
ശബരി ശ്രീരാമനെ സല്‍കരിച്ചതും ചില അപൂര്‍വം സംഭവങ്ങള്
‍വിദുരര്‍, ശ്രീ കൃഷ്ണന്‍ വീട്ടിലേക്ക്‌ വരുന്നതിനു മുന്‍പേ ഓടി വന്നു, കൃഷ്ണന്‍ ഇരിക്കുവാനുള്ള ഇരിപ്പിടത്തില്‍ കൈകൊണ്ട്‌ പരതി നോക്കി എങ്ങാനും ഒരു മുള്ളെങ്കിലും ഇരിപ്പുണ്ടോ അതെങ്ങാനും, കൃഷ്ണന്റെ ദേഹത്തു കൊണ്ടാലോ എന്ന്.ചുമ്മാതെയല്ല വ്യാസന്‍ എഴുതിവെച്ചത്‌
സംസ്പൃശന്‍ ആസനം ശൌരേഃ വിദുരസ്യ മഹാമതിഃ
വിദുരന്റെ മതി (ജ്ഞാനം) അപാരം എന്ന്.

മടി തടവാത ചോറും ചുരുള്‍ നാറാത പൂവും എന്നു ശ്രീവചനഭൂഷണം
പിന്നെയും ചോദ്യം ബാക്കി...എന്തു സമര്‍പിക്കാം
ഉത്തരം തേടീയുള്ളയാത്ര അവസാനിക്കുന്നത്‌ തൈത്തിരീയ സാമത്തില്

ഹാ ഹൂഹാ ഹൂഹാ ഹൂ (തെറ്റിദ്ധരിക്കണ്ട സാമം എപ്പോഴും തുടങ്ങുന്നതു ഇങ്ങനെയാ)
അഹം അന്നം അഹം അന്നം അഹം അന്നം
ആത്മാവ്‌ സ്വയം അന്നം ആയി ഈശ്വരനു സമര്‍പ്പിക്കുന്നു എന്ന്
അതില്‍ കൂടുതല്‍ എന്തു നല്ലഭക്ഷണം

7 Comments:

Blogger പെരിങ്ങോടന്‍ said...

മാഷൊരുപാടു നല്ല പോസ്റ്റുകള്‍ എഴുതിയിട്ടുണ്ടല്ലോ, മിക്കതും ഞാന്‍ കാണുവാന്‍ വൈകി. ഇനിയെല്ലാം സമയം ലഭിക്കുന്നതിനനുസരിച്ചു വായിച്ചുതീര്‍ക്കേണം. താല്പര്യമുണ്ടെങ്കില്‍ പിന്മൊഴി സംവിധാനം ഉപയോഗിച്ചുനോക്കൂ, കമന്റുകള്‍ pinmozhikal@gmail.com എന്ന വിലാസത്തിലേയ്ക്കു ഫോര്‍വേര്‍ഡ് ചെയ്യുകയാണെങ്കില്‍ ബ്ലോഗിലെ ആക്റ്റിവിറ്റീസ് മറ്റു ബ്ലോഗേഴ്സിനും കാണുവാന്‍ സാധിക്കും, ഇത്രയും നല്ല എഴുത്തൊക്കെ എല്ലാവരും കാണട്ടേന്നെ.

6:39 AM  
Blogger sreekantha ramanuja dasan said...

പെരിങ്ങോടന്‍ മാഷേ, പിന്മൊഴിയില്‍ അംഗത്വം എടുത്തിട്ടുണ്ടു. എനിക്കിതൊക്കെ ആദ്യമാ, ആദ്യം കടലു കാണുന്ന കുട്ടിയെപോലെ മിഴിച്ച്‌ നോക്കി നിന്നു കുറേ നാള്‍, ഇപ്പൊ കണ്ണൂസ്‌ ആണു എന്താ ചെയ്യണ്ടതു എന്നൊക്കെ പറഞ്ഞു തന്നതു. സമയം കിട്ടുമ്പൊ ഒക്കെ ആവശ്യത്തിനു മണ്ടത്തരം എഴുതുന്നുണ്ട്‌

7:09 AM  
Blogger കണ്ണൂസ്‌ said...

പൂജാവേളയിലും മറ്റും സമര്‍പ്പിക്കുന്ന ദ്രവ്യങ്ങള്‍ - അവ എന്തായാലും - സിംപോളിക്ക്‌ അല്ലേ? വിഗ്രഹാരാധന പോലെ നമ്മുടെ പൂജാവേളയിലുള്ള ഏകാഗ്രത കൂട്ടാനുള്ള ഒരു അനുഷ്ടാനം എന്നേ എനിക്ക്‌ തോന്നിയിട്ടുള്ളൂ. ആത്‌മ സമര്‍പ്പണം എന്നതു തന്നെ പ്രധാനം. നമ്മളെക്കൊണ്ടൊന്നും പറ്റില്ലെങ്കിലും.

ശ്രീകാന്തേ, തമിഴിലുള്ള നല്‍മൊഴികള്‍ കൂടുതല്‍ പകര്‍ന്നു തരൂ. സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള സുഭാഷിതങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക്‌ ഭാഗ്യം ഇപ്പോളുണ്ട്‌.(http://malayalam.usvishakh.net/blog) ശ്രീകാന്ത്‌ കൂടി ഉത്‌സാഹിച്ചാല്‍ തമിഴിലുള്ള മുത്തുകള്‍ കൂടി പരിചയപ്പെടാനുള്ള അവസരം കിട്ടും.

10:10 PM  
Blogger sreekantha ramanuja dasan said...

അതെ കണ്ണൂസ്‌, അത്തരം കാര്യങ്ങള്‍ എല്ലാം തന്നേ ഡെവോഷന്‍ കൂട്ടാന്‍ സഹായിക്കുന്നവയാണ്‌. പക്ഷേ ചിലപ്പോഴൊക്കെ അമ്പലങ്ങളില്‍ ഓരോരുത്തര്‍ നടത്തുന്ന കാട്ടികൂട്ടലുകള്‍ ഉദാ: ശ്രീജിത്തിന്റെ ബ്ലോഗില്‍ എവിടെയോ കണ്ടു, ബാംഗ്ലൂരില്‍ എവിടേയോ നടത്തുന്ന ഒരു അന്നദാനത്തിന്റെ പരസ്യം, ഫോര്‍ ദ സേക്ക്‌ ഓഫ്‌ പ്രശസ്തി. അതു ഞാന്‍ ഇന്നലെയാ കണ്ടത്‌, പക്ഷേ ഞാന്‍ എഴുതിയതുമായി വളരേ സാമ്യം തോന്നി.
തമിഴ്‌ എന്നു പറഞ്ഞാല്‍ പോരാ കേട്ടോ സംഘ കാല തമിഴ്‌ ആണ്‌ വ്യാഖാനങ്ങള്‍ ഉള്ളതുകൊണ്ടാണ്‌ വല്ലതും മനസ്സിലാകുന്നത്‌. ഞങ്ങളുടെ സമ്പ്രദായത്തില്‍ തമിഴും സംസ്കൃതവും വലതും ഇടതും കണ്ണുകള്‍ ആയിട്ടാണ്‌ കരുതുന്നത്‌, ഒന്നില്ലെങ്കില്‍ മറ്റൊന്നു മനസ്സിലാവില്ലാ. ചിലപ്പോ പൂന്താനത്തിന്റെ വരികള്‍ വായിച്ചു നോക്കുമ്പോ, അദ്ദേഹം ഇതൊക്കെ ചേര്‍ത്തല്ലേ എഴുതിയത്‌ എന്ന് സംശയിച്ചു പോകുന്നു അത്രക്കു ചേര്‍ച്ച.

5:03 AM  
Blogger താര said...

ശ്രീകാന്ത് ജീ, വളരെ വിജ്ഞാനപ്രദമായിരിക്കുന്നു, പോസ്റ്റുകളൊക്കെ. പക്ഷെ തമിഴ്‍ എഴുതുമ്പോള്‍ ക്വോട്സുകള്‍(‘ ’)ഇട്ട് എഴുതാമോ? കുറച്ചും കൂടി വായനാസുഖം ഉണ്ടാവും. ഇപ്പൊ ഫോണ്ട് സൈസ് കറക്ടായിട്ടുണ്ട്.:-)

6:13 AM  
Blogger daly said...

എല്ലാം വായിക്കുന്നൂ മുറപോലെ.
കൂടുതല്‍ നന്നാവുന്നുണ്ട്.

തമിഴ് എഴുതുമ്പോള്‍ സാധിക്കുന്നിടത്തൊക്കെ ബ്രക്കറ്റില്‍ അതിന്റെ മലയാളം പരിഭാഷ കൊടുക്കാമോ?

“എന്നാല്‍ തമിഴില്‍ പറഞ്ഞോളൂ
കണ്ട്‌ അരുള വേണ്ടും
എന്ന പ്രയോഗം ജീയര്‍പ്പടി ഗ്രന്ഥത്തില്‍ ആദ്യമായി അങ്ങനെ പ്രയോഗിക്കപെട്ടു.“

ഇതില്‍ “കണ്ട് അരുള വേണ്ടും” എന്നാല്‍ എന്താ അര്‍ത്ഥം?

8:57 AM  
Blogger sreekantha ramanuja dasan said...

ഡാലി
കണ്ട്‌ അരുള വേണ്ടും എന്നു വെച്ചാല്‍
നോക്കി അനുഗ്രഹിക്കണം എന്ന് പച്ച മലയാളത്തില്‍ പറയാം, പക്ഷേ അതിന്റെ ശരിക്കുള്ള അര്‍ത്ഥം കിട്ടില്ല
എന്നെ കൊണ്ട്‌ പറ്റുന്നപോലെയൊക്കെ തമിഴിനെ മലയാളമാക്കാം.
ഓര്‍കുട്ടകത്തില്‍ ഇറങ്ങാറില്ലേ?

10:38 AM  

Post a Comment

<< Home